അഡ്വ. ടി. അശോക് കുമാർ
നിയമപോരാളി | സാമൂഹിക പ്രവർത്തകൻ | പരിസ്ഥിതി സ്നേഹി
ജനാധിപത്യപ്രക്രിയയിൽ കീഴ്ത്തട്ടിലുള്ള ജനപങ്കാളിത്തം ഉറപ്പിക്കുന്നത് ത്രിതലപഞ്ചായത്തുകൾ വഴിയാണ്. ഇത്തരം പങ്കാളിത്തത്തിന്റെ സുദീർഘമായ ചരിത്രം മയ്യഴിക്കുണ്ട്. അതോടൊപ്പം ഈ പങ്കാളിത്തം നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധതയുടെ ചരിത്രം അതിന് അനുബന്ധമായി ഉണ്ടെന്നും കാണാം.
1793-ൽ മയ്യഴിയിൽ ആദ്യമായി മുൻസിപ്പൽ കൗൺസിൽ നിലവിൽ വന്നു. ബൊയ്യേ ആയിരുന്നു ആദ്യത്തെ മേയർ. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും മയ്യഴിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടത്തുന്നതിനിടയിൽ പലപ്പോഴും ഫ്രഞ്ചുകാർക്ക് ഈ ദേശത്തിനുമേലുള്ള ആധിപത്യം നഷ്ടപ്പെട്ടിരുന്നു. അത്തരം ഇടവേളകളിലൊഴികെ കൃത്യമായ ഇടവേളകളിൽ മേയറെയും കൗൺസിലിനെയും തെരഞ്ഞെടുത്തിരുന്നു. 1870-കളിൽ മയ്യഴി മേയറായിരുന്ന എഡ്വേർഡ് ബ്രൂണോവിന്റെ ശവകുടീരം മയ്യഴി സിമിത്തേരിയിൽ ഇപ്പോഴുമുണ്ട്.
മയ്യഴി ഉൾപ്പെടെയുള്ള ഫ്രഞ്ച്-ഇന്ത്യൻപ്രവിശ്യകളിൽ ഫ്രഞ്ച് മെട്രോപൊലിറ്റൻ ഡിക്രിയുടെ അടിസ്ഥാനത്തിലുള്ള മുനിസിപ്പാലിറ്റികൾ സ്ഥാപിക്കപ്പെടുന്നത് 1880-ലാണ്. ഫ്രഞ്ചുകാർ ലോകമെമ്പാടുമുള്ള അവരുടെ കോളനികളിലെ ജനങ്ങളെ ഫ്രഞ്ച് പൗരന്മാരായാണ് കണ്ടിരുന്നത്. ഒരു ഫ്രഞ്ച് പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കോളനികളിലെ ജനങ്ങൾക്കെല്ലാം ലഭിച്ചിരുന്നു. അതിനാൽ ഫ്രാൻസിൽ പിന്തുടരുന്ന അതേ രീതിയിൽത്തന്നെയാണ് ഫ്രഞ്ചുകാരുടെ കോളനികളിൽ മുനിസിപ്പാലിറ്റി ഭരണം നടത്തിയിരുന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്. 1880-ലെ ഡിഗ്രി അടിസ്ഥാനമാക്കി ഇന്ത്യയിലെ ഫ്രഞ്ചധീനപ്രദേശങ്ങൾ പത്ത് കൊമ്യൂണുകളായി വിഭജിച്ച് ഓരോ കൊമ്യൂണിനും ഭരണസമിതി ഏർപ്പെടുത്തി. ആറ് വർഷമാണ് മേയറുടെ കാലാവധി. മേയറുടെ ആസ്ഥാനത്തെ മെറീ (Mairie) എന്ന പേരിലാണ് അറിയപ്പെട്ടത്. മയ്യഴിയിൽ പന്ത്രണ്ട് വാർഡുകൾ നിശ്ചയിക്കുകയും ഓരോന്നിനും ഓരോ കൗൺസിലർമാരെ തെരഞ്ഞെടുക്കുകയും ചെയ്തു. മേയറെ നേരിട്ടാണ് തെരഞ്ഞെടുക്കുക. എക്സിക്യൂട്ടീവ് മജിസ്ടേറ്റ് അധികാരംകൂടി അക്കാലത്ത് മേയർമാർക്കുണ്ടയിരുന്നു. കൊമ്യൂൺ മുനിസിപ്പാലിറ്റികളിൽ വോട്ടവകാശം മാത്രമല്ല മത്സരിക്കുവാനും ഫ്രഞ്ച് പൗരർ എന്ന നിലയിൽ മയ്യഴിക്കാർക്ക് അവകാശമുണ്ടായിരുന്നു. മയ്യഴിയിൽ അക്കാലത്തെ പ്രമുഖ കുടുംബമായ നാലുപുരയിൽ തറവാട്ടിലെ മുതിർന്ന അംഗവും അഭിഭാഷകനുമായ വടുവൻകുട്ടി വക്കീലായിരുന്നു മയ്യഴിക്കാരനായ ആദ്യത്തെ മേയർ. പുന്ന രാമോട്ടി, പിൽക്കാലത്ത് പുതുച്ചേരി മന്ത്രിയായിരുന്ന സി. ഇ. ഭരതന്റെ പിതാവ് ഗോപാലൻ വക്കീൽ, മേയർ സുകുമാരൻ, നാലുപുരയിൽ സഹദേവൻ വക്കീൽ എന്നിവർ ഫ്രഞ്ചധീനമയ്യഴിയിലെ മേയർമാരായിരുന്നു. സഹദേവൻ വക്കീൽ നാല്പതുകൊല്ലം മേയർപദവി വഹിച്ചിരുന്നു. 1954-ൽ ഫ്രഞ്ച്ഭരണം അവസാനിക്കുമ്പോൾ സഹദേവൻ വക്കീലായിരുന്നു മേയർ. 1954 ഒക്ടോബർ 18-ന് മേയർ സഹദേവൻ വക്കീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗമാണ് സ്വാതന്ത്ര്യസമരപോരാളികൾ വിമോചിപ്പിച്ച മയ്യഴി ഇന്ത്യൻ യൂനിയനിൽ ലയിക്കണം എന്ന പ്രമേയം അംഗീകരിച്ചത്.
മയ്യഴിപ്പുഴയാണ് മയ്യഴിയെ അയൽപ്രദേശങ്ങളിൽനിന്ന് വേർതിരിക്കുന്ന ഒരു അതിർത്തി. ഈ പുഴയുടെ അധികാരം മയ്യഴി മുനിസിപ്പാലിറ്റിക്കായിരുന്നു. പുഴയിൽ കുറ്റിനാട്ടി മീൻ പിടിക്കാനുള്ള അവകാശം മുനിസിപ്പാലിറ്റിയാണ് നല്കിയിരുന്നത്. 1959-ൽ ഒളവിലം സ്വദേശിയായ കോട്ടാലച്ചെരിവ് നാരായണൻ, വരക്കൂൽ സുബ്രഹ്മണ്യൻ, വരക്കൂൽ രാമകൃഷ്ണൻ എന്നിവർക്ക് അന്നത്തെ മുനിസിപ്പലിറ്റി ഈ അവകാശം നല്കുന്ന രേഖ കണ്ടെത്തിയിട്ടുണ്ട്. മയ്യഴിയിലെ ജനന-മരണങ്ങളുടെയും വിവാഹത്തിന്റെയും റജിസ്ട്രേഷനു പുറമെ ക്രിസ്തമതവിശ്വാസികളുടെ ജ്ഞാനസ്നാനത്തിന്റെ സാക്ഷ്യപത്രം നല്കാനുള്ള അധികാരവും മുനിസിപ്പാലിറ്റാക്കിയിരുന്നു.
സ്വതന്ത്രമയ്യഴിയിൽ മൂന്ന് തവണ മാത്രമേ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ. 1962, 1968, 2006 എന്നീ വർഷങ്ങളിലാണ് ആ തെരഞ്ഞെടുപ്പുകൾ നടന്നത്. 1974 ജനവരി 26-നാണ് പോണ്ടിച്ചേരി മുനിസിപ്പാലിറ്റി ആക്ട് നിലവിൽ വരുന്നത്. അതിനു മുമ്പ് മേയറുടെയും കൗൺസിലിന്റെയും കാലാവധി ആറ് വർഷമായിരുന്നു. ആക്ട് നിലവിൽ വന്നതോടെ ഫ്രഞ്ചുഭരണകാലത്തെ മേയർ പദവി മുനിസിപ്പൽ ചെയർമാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1962-ൽ തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വളവിൽ കേശവൻ ആയിരുന്നു സ്വതന്ത്രമയ്യഴിയിലെ ആദ്യത്തെ മേയർ. 1968-ൽ പള്ളൂർ സ്വദേശിയായ നടായി പുരുഷോത്തമൻ മേയറായി. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് മുനിസിപ്പൽ ആക്ട് നിലവിൽ വന്ന് മേയർപദവി പുനർനാമകരണം ചെയ്യപ്പെട്ടത്. അങ്ങനെ, അദ്ദേഹം മയ്യഴിയിലെ അവസാനത്തെ മേയറും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായി.
1968-ലെ മുനിസിപ്പൽ കൗൺസിലിന്റെ കാലാവധി 1974-ൽ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ, മുൻസിപ്പൽ ആക്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി കൗൺസിലിന്റെ കാലാവധി നീട്ടിക്കൊടുത്തു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും നിലവിലുള്ള കൗൺസിൽ കാലാവധി കഴിഞ്ഞിട്ടും തുടരാൻ ബാദ്ധ്യസ്ഥമായി. ആ കൗൺസിൽ 1978 മാർച്ച് 31-വരെ അധികാരത്തിൽ തുടർന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തെരഞ്ഞെടുപ്പുകൾക്കിടയിൽ മുപ്പത്തിയെട്ട് വർഷത്തെ ഇടവേളയുണ്ടെന്ന് കാണാം. 1968-ലെ മുനിസിപ്പൽ കൗൺസിലിന്റെ കാലാവധി കഴിഞ്ഞതിനുശേഷം പുതിയ കൗൺസിലിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഈ സമരത്തിന്റെ ഒരു ഘട്ടത്തിൽ മുൻ കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നേതൃത്വം നല്കിയിരുന്നു. സി. പി. ഐ (എം.)-ന്റെ പാർലമെന്റ് അംഗമായിരുന്ന എ. പി. അബ്ദുള്ളക്കുട്ടി ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. 1996-ൽ മയ്യഴി മുനിസിപ്പാലിറ്റിയുടെ മുൻ കമ്മീഷണർ ടി. വി. ഗംഗാധരനും പിന്നീട് സി. പി. ഐ (എം.) പുതുച്ചേരി സംസ്ഥാന സെക്രട്ടറി പെരുമാളും മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മദിരാശി ഹൈക്കോടതിയിൽ പൊതുതാല്പര്യഹരജി ഫയൽ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടത്തുമെന്ന് സർക്കാർ കോടതിയിൽ നല്കിയ സത്യവാങ്മൂലം വിശ്വാസത്തിലെടുത്ത് ഗംഗാധരന്റെ കേസിൽ ഹൈക്കോടതി വിധിപറയുകയായിരുന്നു. ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളും ഇടപെടലുകളും അവഗണിച്ച് തെരഞ്ഞെടുപ്പ് നടത്താതിരിക്കുന്നതിന് മുട്ടാപ്പോക്ക്ന്യായങ്ങൾ പറയുകയുമാണ് മാറി മാറി വന്ന സർക്കാരുകൾ ചെയ്തത്.
നിയമവ്യവസ്ഥയെ നിരുത്തരവാദപരമായും നിഷേധാത്മകമായും കാണുന്ന സർക്കാർ നിലപാടുകളെ ചെറുക്കാൻ കോടതിയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതായി. അഡ്വ. ടി. അശോക്്‌കുമാർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യഹരജിയിലെ ഉത്തരവാണ് 2006-ലെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
2006-ൽ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കൗൺസിലിന്റെയും ചെയമാന്റെയും കാലാവധി 2011-ൽ അവസാനിച്ചു. സ്വാഭാവികമായും പുതിയ കൗൺസിലിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയെന്നതായിരുന്നു സർക്കാർ നയം. ഇതിനെതിരെ അഡ്വ. അശോക്‌കുമാർ സുപ്രീം കോടതിയെ സമീപിച്ച് 2018-ൽ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള കല്പന നേടി. ഈ ഉത്തരവ് മുട്ടാപ്പോക്ക്ന്യായങ്ങളും തടസ്സങ്ങളും ഉന്നയിച്ച് നടപ്പാക്കാതിരിക്കാനാണ് പുതുശ്ശേരി സർക്കാർ ശ്രമിച്ചത്. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ അഡ്വ. അശോക്‌കുമാർ കോടതിഅലക്ഷ്യഹരജി സമർപ്പിച്ചു. ഈ ഹരജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021-ൽ രണ്ട് തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പുതുശ്ശേരിയിലെ മുഴുവൻ എം. എൽ. എ.-മാരും ഒരു ദിവസം ബന്ത് നടത്തുക എന്ന അതിവിചിത്രമായ കാര്യമാണ് തുടർന്ന് ഉണ്ടായത്. ഏതാനും എം. എൽ. എ.-മാരും പ്രതിപക്ഷനേതാവും തടസ്സം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ച് മദ്രാസ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാതെ പോയത്. തങ്ങളുടെ അധികാരം മുനിസിപ്പാലിറ്റികളുമായി പങ്കിടാൻ വിസമ്മതിച്ച് ഈ ജനപ്രതിനിധികൾ നടത്തിയ പ്രവർത്തനങ്ങൾ കാരണം സർക്കാരിന് അയ്യായിരം കോടി രൂപയുടെ കേന്ദ്രവിഹിതമാണ് നഷ്ടമായത്.
കീഴ്ത്തട്ടിലെ ജനങ്ങളുടെ ജനാധിപത്യാവകാസങ്ങൾ നിഷേധിക്കുവാനായി ഏകദേശം രണ്ട് കോടിയിലധികം രൂപയാണ് വക്കീൽ ഫീസായി സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും എം. എൽ. എ.-മാരും ചിലവഴിച്ചത്. വാദിഭാഗത്തിനുവേണ്ടി വേണ്ടി കേസിന്റെ വിവിധഘട്ടങ്ങളിൽ കോടതികളിൽ ഹാജരായവരുടെ പേരുകൾ കണ്ടാൽ അവർ ചെലവഴിച്ച തുകയെത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അറ്റോർണി ജനറൽ വെങ്കട്ടരമണി, മുൻ അറ്റോർണി ജനറൽ മുകൾ റത്തോഗി, അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദവായ്, മുൻ അഡ്വക്കറ്റ് ജനറൽ വിജയനാരായണൻ, സീനിയർ അഭിഭാഷകൻ വിത്സൻ എന്നിവരാണ് കേസുകളിൽ ഹാജരായവർ.
സർക്കാരിന്റെ നിഷേധാത്മകസമീപനവും ജനവിരുദ്ധതയും നേരിടാനുള്ള ജനകീയസമരങ്ങളോട് അനുഭാവരഹിതമായി പെരുമാറുമ്പോൾ പ്രശ്നപരിഹാരത്തിന് കോടതിയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല എന്ന് വീണ്ടും തെളിയിച്ച നിയമപോരാട്ടത്തിന്റെ മറ്റൊരു കഥയാണ് ബെപ്പാസ് നഷ്ടപരിഹാരത്തിനായുള്ള കേസ്. ദേശീയപാതയുടെ ഭാഗമായ തലശ്ശേരി- മാഹി ബൈപാസിനുവേണ്ടി ഭൂമി അക്വയർ ചെയ്യാനായി സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരനിരക്ക് സെന്റിന് ശരാശരി ഇരുപത്തിഅഞ്ചായിരം രൂപയായിരുന്നു. നിസ്സാരമായ ഈ തുകയ്ക്ക് മറ്റൊരിടത്ത് ഭൂമി വാങ്ങാനും വീട് പണിയാനും സാധിക്കില്ല. ഈ വിഷയം ഇന്നയിച്ച് സമരപരമ്പരകൾ തന്നെ നടന്നിരുന്നു. അനന്തമായി നീണ്ടുപോകുന്ന പ്രശ്നം പരിഹരിക്കാനായി അഡ്വ. ടി. അശോക്‌കുമാർ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാല്പര്യഹരജി സമർപ്പിച്ചു. ഡിസ്ട്രിക്റ്റ് ലെവൽ പർച്ചേയ്സ് കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പ്രസ്തുത കമ്മിറ്റിയെ വസ്തുതകൾ ധരിപ്പിക്കുയും ചർച്ചനടത്തുകയും ചെയ്തതിന്റെ ഫലമായി സെന്റിന് ശരാശരി മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ നഷ്ടപരിഹാരത്തുക ഉയർന്നു. നഷ്പരിഹാരമായി മൊത്തം ഭൂവുടമകൾക്ക് നല്കാൻ നേരത്തെ സർക്കാർ നിശ്ചയിച്ച തുകയെക്കാൾ 85 കോടി രൂപ അധികം ലഭിക്കുവാൻ അഡ്വ. ടി. അശോക്‌കുമാറിന്റെ ഇടപെടൽ കാരണം സാധിച്ചു.
കോടതിയുടെ പ്രശ്നം പരിഹരിക്കാൻ കോടതി തന്നെ ശരണമാകുന്ന ഒരു ഇടപെടലിന്റെ കഥകൂടിയുണ്ട്. ഫ്രഞ്ചുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട കോടതി സ്വാതന്ത്ര്യാനന്തരം സബ് കോടതി പദവിയിലായിരുന്നു. അവിടത്തെ സഹ് ജഡ്ജ് ഏഴ് ജുഡീഷ്യൽ അധികാരങ്ങളാണ് കൈകാര്യം ചെയ്തത്. ഈ അവസ്ഥ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കി. കോടതിയുടെ അധികാരപരിമിതി കാരണം പല കേസുകൾക്കും പോണ്ടിച്ചേരിയിലെ കോടതിയിൽ പോകേണ്ടിവരുമായിരുന്നു. അറുന്നൂറ്റി നാല്പത് കിലോമീറ്ററുകൾക്കപ്പുറത്ത് തമിഴ് ഭാഷ സംസാരിക്കുന്നിടത്ത് കേസിന്റെ കാര്യവുമായി പോകുന്നവർ നേരിടുന്ന അവസ്ഥ പരിതാപകരമാണ്. മാഹിയിലെ കോടതിയിലെ ജഡ്ജ് ലീവാണെങ്കിൽ മേൽക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചവർക്ക് ജയിലിൽ നിന്ന് പുറത്തുവരാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇതിനു പുറമെ മാഹിയിലെ കോടതിക്ക് അഞ്ച് ലക്ഷം രൂപ വരെ മൂല്യമുള്ള കേസുകൾ നടത്തുവാൻ മാത്രമെ അധികാരമുണ്ടായിരുന്നുള്ളു. അഡ്വ. ടി. അശോക്‌കുമാർ മദ്രാസ് ഹൈക്കോടതിയിൽ നല്കിയ പൊതുതാല്പര്യഹരജിയുടെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് മുൻസീഫ് കം മജിസ്ട്രേറ്റ് കോടതി മാഹിയിൽ സ്ഥാപിക്കുവാൻ കല്പനയുണ്ടാവുകയും കോടതിയുടെ പദവിയും അധികാരങ്ങളും ഉയരുകയും ചെയ്തു. മറ്റരു ഹരജിയിലൂടെ മാഹിയിൽ ഒരു സ്ഥിരം ജില്ലാ കോടതി തുടങ്ങുന്നത് പരിഗണിക്കുവാൻ വേണ്ടി ഉത്തരവായിട്ടുണ്ട്. മറ്റൊരു പൊതുതാല്പര്യഹരജിയുടെ അടിസ്ഥാനത്തിൽ മാഹി കോടതിക്ക് എത്ര വലിയ തുക മൂല്യമുള്ള കേസ് നടത്തുവാനുള്ള അധികാരവും ലഭിച്ചു.
കോടതിയുടെ പദവി മാത്രമല്ല, സ്വാധീനങ്ങൾക്കോ പ്രേണകൾക്കോ വിധേയമാവാതെ നിഷ്പക്ഷമായ നീതിനടത്തിപ്പിന്റെ ദേവികളാവണം കോടതികൾ. ഇക്കാര്യത്തിനും മേൽക്കോടതി വഴിയുള്ള ഇടപെടൽ അഡ്വ. അശോക്‌കുമാർ നടത്തിയിട്ടുണ്ട്. മാഹിയിലെ മജിസ്ട്രേറ്റ് ജയിൽ സന്ദർശനത്തിനും മറ്റും യാത്രയ്ക്കായി പോലീസിന്റെ വാഹനത്തെയാണ് ആശ്രയിച്ചിരുന്നത്. മജിസ്ട്രേറ്റിന്റെ മേൽ സ്വാധീനം ചെലുത്തുവാൻ ഇത് പോലീസിന് അവസരമൊരുക്കും. മദ്രാസ് ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നല്കിയ പൊതുതാല്പര്യഹരജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി മജിസ്ട്രേറ്റിന് സർക്കാർ കാർ അനുവദിച്ചു.
ഉപഭോക്തൃതർക്കപരിഹാരത്തിനായുള്ള കൺസ്യൂമർ കോടതി പുതുശ്ശേരിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയ കേസുകൾ നടത്തുവാൻപോലും കക്ഷികൾക്ക് പുതുശ്ശേരിയിൽ പോകേണ്ട അവസ്ഥയായിരുന്നു. അഡ്വ. ടി. അശോക് കുമാർ ഈ വിഷയത്തിലും മദ്രാസ് ഹൈക്കോടതിയിൽ പൊതുതാല്പര്യഹരജി നല്കി. രണ്ട് മാസത്തിൽ ഒരിക്കൽ കൺസ്യൂമർ കോടതിയുടെ ക്യാമ്പ് സിറ്റിംഗ് ഇപ്പോൾ മാഹിയിൽ നടക്കുന്നുണ്ട്.
പീപ്പിൾസ് ലോ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സെക്രട്ടറിയാണ് അഡ്വ. ടി. അശോക്‌കുമാർ. അഗതികളായി കണ്ണൂർ ടൗണിൽ കഴിയുന്ന ആയിരത്തിലധികം ആളുകൾക്ക് നിത്യേന സൗജന്യ ഉച്ചഭക്ഷണം നല്കുകയെന്ന പ്രവർത്തനം ഈ സംഘടന ചെയ്യുന്നുണ്ട്. അഡ്വ. ടി. അശോക് കുമാർ ചെയർമാനായ മാഹിയിലെ ഐ. ആർ. പി. സി. കിടപ്പുരോഗികൾക്കുള്ള സഹായവും ചികിത്സയും നല്കി വരുന്നുണ്ട്. പരിസ്ഥിതി, കൃഷി എന്നീമേഖലകളിലും മയ്യഴിയിൽ വർഷങ്ങളായി അഡ്വ. ടി. അശോക്‌കുമാർ ശ്രദ്ധപുലർത്തുന്നുണ്ട്. റെയിൽവേസ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചെടികൾ നട്ടുവളർത്തി പരിപാലിക്കുന്നതിനു പുറമെ സൗജന്യമായി ആയിരക്കണക്കിന് പച്ചക്കറി തൈകൾ ഇതിനകം ഇദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മമായ്യഴിയിലെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ടാഗോർ പാർക്ക് പ്രകൃതിമനോഹരവും അമൂല്യവുമായ ഇടമാണ്. ഈ സ്ഥലം ഒട്ടും സുതാര്യമല്ലാത്ത രഹസ്യവും ദുരൂഹവുമായ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ തുച്ഛമായ തുകയ്ക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്കാനുള്ള ശ്രമം ഉണ്ടായപ്പോൾ അതിനെതിരെ മയ്യഴിയിലെ പൊതുസമൂഹത്തെ അണിനിരത്തി 165 ദിവസം നീണ്ടുനിന്ന റിലെ നിരാഹാരസമരം നടന്നിരുന്നു. ടാഗോർ പാർക്ക് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ആ സമരം. അഡ്വ. ടി. അശോക്‌കുമാറായിരുന്നു. പാർക്ക് സംരക്ഷണസമരസമിതിയുടെ അദ്ധ്യക്ഷൻ.
മയ്യഴിയിലെ പൊതുവിദ്യാഭ്യാസം ഒരു കാലത്ത് അയൽപ്രദേശത്തുള്ളവർ അസൂയയോടെ നോക്കിക്കണ്ട മികവ് പുലർത്തിയിരുന്നു. കാലക്രമത്തിൽ പലതരം അനാരോഗ്യകരമായ പ്രവണതകൾ രൂപപ്പെട്ടു. മയ്യഴിയിലെ ഗവൺമെന്റ് കോളേജിലെ പ്രവേശനം മയ്യഴിക്കാർക്ക് മാത്രമാക്കി പരിമിപ്പെടുത്തി മിക്കവാറും എല്ലാ വിഷയങ്ങളിലും നിരവധി സീറ്റുകൾ ഒഴിച്ചിട്ട് മുടക്കുന്ന പണത്തിന് മൂല്യമില്ലാത്ത സ്ഥാപനമാക്കി മാറ്റാൻ നട്ടത്തിയ ശ്രമത്തിനെതിരെയുള്ള പോരാട്ടം ഇക്കൂട്ടത്തിൽ പ്രധാനമാണ്. പോണ്ടിച്ചേരിയിലുള്ള പ്രൊഫഷണൽ കോളേജുകളിൽ മാഹിയിലെ വിദ്യാർത്ഥികൾക്ക് സംവരണം ഉണ്ടായിരുന്നു. ഈ സംവരണം തങ്ങളുടെ അവസരം ഇല്ലാതാക്കുകയാണെന്ന് ആരോപിച്ച് സംവരണം നിറുത്തലാക്കമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയിലെ ഒരുകൂട്ടം രക്ഷിതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ മയ്യഴിക്കാർക്ക് വേണ്ടി ഈ കേസ് കൈകാര്യം ചെയ്ത് മാഹി ക്വോട്ട നിലനിർത്തിയത് അഡ്വ. ടി. അശോക്‌കുമാറാണ്. സർക്കാർ സ്ഥാപനം എന്ന വ്യാജേന സർവ്വകലാശാലയുടെയോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ അംഗീകാരമില്ലാതെ ഫേഷൻ ഡിസൈനിംഗ് കോളേജ് എന്ന വ്യാജസ്ഥാപനം തുടങ്ങിയത് കണ്ടുപിടിച്ച് നടപടി എടുക്കുന്നതിന് വഴിയൊരുക്കിയത് അഡ്വ. ടി. അശോക് കുമാറിന്റെ ഇടപെടൽ മൂലമാണ്. സത്യമെന്തെന്നറിയാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് അവിടെച്ചേർന്ന വിദ്യാർത്ഥികളുടെ ഭാവി നഷ്ടപെടുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയ പ്രവർത്തനമാണത്.
മയ്യഴിയിലെ കായികരംഗത്തിന് പുത്തൻ ഉണർവ്വ് പകർന്ന സ്ഥാപനമാണ് അഡ്വ. ടി. അശോക് കുമാറിന്റെ നേതൃത്വത്തിൽ പതിനാല് വർഷം മുമ്പ് തുടങ്ങിയ സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി. പരശതം കുട്ടികൾ ഇവിടെ ഫുട്ബോൾ പരിശീലനം നേടി സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള മത്സരങ്ങളിൽ കളിക്കുന്നവരായി വളർന്നുവന്നിട്ടുണ്ട്. നിയമപോരാട്ടം മാത്രമല്ല, സാമൂഹികമായ അനീതികൾക്കും നയവ്യതിയാനങ്ങൾക്കുമെതിരെ നിതാന്തജാഗ്രത പുലർത്തുന്ന പൗരബോധത്തിന്റെ അനിതരസാധാരണമായ മാതൃകയാണ് അഡ്വ. ടി. അശോക്‌കുമാർ.